National
ന്യൂഡൽഹി: കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീർഘായുസും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. രാഹുൽ ഗാന്ധിക്ക് 56 വയസാണ് പൂർത്തിയായത്.
'ലോക്സഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധി ജിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകാൻ പ്രാർഥിക്കുന്നു'- എന്ന് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. രാഹുൽ ഗാന്ധിക്ക് സവർണ്ണ ബോധമാണെന്നും ജാതിബോധം ഉള്ളതുകൊണ്ടാണ് അദ്ദേഹം പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തയാറാകാത്തതെന്നും എ.കെ. ബാലൻ ആരോപിച്ചു.
മോദിയെ കെട്ടിപ്പിടിക്കുന്നതിൽ രാഹുൽ ഗാന്ധിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാൽ പിണറായി വിജയനെ കെട്ടിപ്പിടിക്കുന്നതിൽ പ്രശ്നമാണെന്നും എ.കെ. ബാലൻ വിമർശിച്ചു.
ഇന്ത്യാ സഖ്യത്തിന്റെ ജൂൺ എട്ടിന് നടന്ന നിർണായക യോഗത്തിലാണ് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാൻ തനിക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്. പിണറായിയുമായി തനിക്ക് വ്യക്തമായ രാഷ്ട്രീയ പോരാട്ടമുണ്ട്. ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർഥ്യങ്ങൾ കൃത്യമായി മനസിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും രാഹുൽ പറഞ്ഞിരുന്നു.
National
ന്യൂഡൽഹി: പ്രാദേശികതലത്തിൽ രാഷ്ട്രീയപോരാട്ടം നിലനിൽക്കുന്നുവെങ്കിലും ബിജെപിക്കും ആർഎസ്എസിനുമെതിരേ ഒന്നിച്ചുപോരാടാൻ പ്രതിപക്ഷപാർട്ടികളോടു ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആഹ്വാനം.
തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ഇന്ത്യാ മുന്നണി യോഗത്തിലായിരുന്നു രാഹുലിന്റെ ആഹ്വാനം. യോഗത്തിൽ രാഹുൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം ഇന്നലെയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
കേരളത്തിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പോയി കെട്ടിപ്പിടിക്കാൻ പറഞ്ഞാൽ എനിക്കു പരിമിതികളുണ്ട്. പ്രാദേശികതലത്തിൽ സിപിഎമ്മുമായി രാഷ്ട്രീയപോരാട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ എനിക്കതിനു സാധിക്കില്ല. എന്നാൽ ദേശീയതലത്തിൽ ഇന്ത്യ എന്ന മുന്നണി ആശയത്തെ സംരക്ഷിക്കുന്നതിന് പ്രതിപക്ഷപാർട്ടികൾ ഒന്നിച്ചുനിൽക്കണം.
കോണ്‍ഗ്രസിനും എനിക്കുമെതിരേ പ്രതിപക്ഷ സഖ്യത്തിൽനിന്നുയരുന്ന എല്ലാ വിമർശനങ്ങളെയും പുഞ്ചിരിയോടെ സ്വീകരിക്കാൻ ഞാൻ തയാറാണ്. എല്ലാവരെയും സ്നേഹത്തോടെ ഒന്നിപ്പിച്ചുനിർത്തുകയാണ് എന്റെ ലക്ഷ്യം-രാഹുൽ ഗാന്ധി വ്യക്തമാക്കി.
തെരഞ്ഞെടുപ്പു കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങളെല്ലാം ബിജെപിയുടെ പൂർണ നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നുണ്ടെന്ന യാഥാർഥ്യം പ്രതിപക്ഷപാർട്ടികൾ തിരിച്ചറിയണം. തൃണമൂൽ കോണ്‍ഗ്രസ്, സമാജ്വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ തുടങ്ങിയ കക്ഷികൾ പഴയ രാഷ്ട്രീയതന്ത്രങ്ങൾ ഫലിക്കുമെന്ന് ഇനിയും കരുതി വഞ്ചിതരാകരുത്. രാജ്യത്ത് തുല്യവും സുതാര്യവുമായ ഒരു രാഷ്ട്രീയസാഹചര്യം നിലനിന്നിരുന്നപ്പോൾ മാത്രമാണ് അതു ഫലിച്ചത്.
ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തുന്ന കൃത്രിമങ്ങൾ ഞാൻ നേരിട്ടു കണ്ടതാണ്. മമതാ ബാനർജി, ഉദ്ധവ് താക്കറെ, തേജസ്വി യാദവ് തുടങ്ങിയ നേതാക്കൾക്ക് തങ്ങളുടെ തെരഞ്ഞെടുപ്പു ഫലങ്ങൾ മോഷ്ടിക്കപ്പെട്ടതിൽ ഇപ്പോഴും നേരിയ സംശയമേ ഉള്ളൂവെങ്കിൽ രാജ്യത്ത് 100 ശതമാനവും തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പിച്ചുപറയാൻ എനിക്ക് കഴിയും-രാഹുൽ പറഞ്ഞു.
ഈ ഫാസിസ്റ്റ് ഭരണകൂടത്തെ നേരിടാൻ സാധാരണ രാഷ്ട്രീയപാർട്ടി സംവിധാനങ്ങൾക്കപ്പുറം ഒരു കടുത്ത ‘പ്രതിരോധ പ്രസ്ഥാന’മായി പ്രതിപക്ഷം മാറണമെന്ന് രാഹുൽ ആഹ്വാനം ചെയ്തു. 1927ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ സംഘടനയിൽനിന്നു സ്വാതന്ത്ര്യസമര പ്രസ്ഥാനമായി മാറിയ ചരിത്രം രാഹുൽ ഓർമിപ്പിച്ചു.
സിബിഎസ്ഇ, നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേയുള്ള പോരാട്ടവും ഗ്രേറ്റ് നിക്കോബാർ വിഷയവും ഭാരത് ജോഡോ യാത്രയുമെല്ലാം ഈ പ്രതിരോധത്തിന്റെ ഭാഗമാണ്. രാജ്യം ഇപ്പോൾ വലിയൊരു ജനരോഷത്തിന് സാക്ഷ്യം വഹിക്കുകയാണ്. ജനങ്ങൾ പ്രതിപക്ഷത്തിനൊപ്പമാണ്.
പ്രതിപക്ഷം ദുർബലമാണെന്നു വരുത്തിത്തീർക്കാൻ ബിജെപി മാധ്യമങ്ങളിലൂടെ ശ്രമിക്കുന്നുണ്ടെങ്കിലും പരസ്പരം പോരടിക്കാതെ ഒറ്റക്കെട്ടായി നിന്നു പ്രതിരോധിക്കാമെന്നും രാഹുൽ യോഗത്തിൽ പറഞ്ഞു.
National
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് കോൺഗ്രസ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹവുമായി താൻ രാഷ്ട്രീയ പോരാട്ടത്തിലാണ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ പറഞ്ഞാൽ അതിന് തനിക്ക് കഴിയില്ല. അത് താൻ ചെയ്യില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർഥ്യങ്ങൾ കൃത്യമായി മനസിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസിൽ തനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്. തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു. ടിഎംസി സ്വപ്നലോകത്താണെന്ന് താൻ പറഞ്ഞിരുന്നു, പക്ഷേ അത് അംഗീകരിക്കാൻ അവർ തയാറായില്ല. ഒന്നിച്ച് പ്രതിരോധിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാകുമെന്നും രാഹുൽ ഗാന്ധി പറയുന്നു.
വിമർശനങ്ങളെ ഉൾക്കൊള്ളാൻ തയാറാണ്. ഇന്ത്യാ മുന്നണിയിൽ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള കോൺഗ്രസിന്റെ പങ്ക് വലുതാണ്. ആർഎസ്എസിന്റെ കാഴ്ചപ്പാടിന് അടിസ്ഥാനപരമായ എതിർക്കുന്നു. മുന്നണിക്കുള്ളിലെ പോരാട്ടത്തിന് തനിക്ക് താല്പര്യം ഇല്ല. പ്രതിപക്ഷം ദുർബലമാണെന്ന് തെളിയിക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് നാം മനസിലാക്കണം എന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി ടിവികെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായി സി. ജോസഫ് വിജയ്. മൂന്ന് ദിവസത്തെ ഡൽഹി സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജൻപഥിൽ നേരിട്ടെത്തിയായിരുന്നു കൂടിക്കാഴ്ച. വ്യാഴാഴ്ച നടക്കുന്ന നീതി ആയോഗ് ഗവേർണിംഗ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായാണ് വിജയ് ഡൽഹിയിലെത്തിയത്.
തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള വിജയ്യുടെ രണ്ടാമത് ഡൽഹി സന്ദർശനമാണിത്. തമിഴ്നാട്ടിൽ 59 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർക്ക് മന്ത്രിസ്ഥാനം ലഭിച്ചത്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയുമായും വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു.
National
ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ബിജെപി മൂന്നാമതൊരു സ്ഥാനാർത്ഥിയെക്കൂടി അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതോടെ അട്ടിമറി ഭീതിയിൽ കോൺഗ്രസ്. എംഎൽഎമാരെ ബിജെപി ചാക്കിട്ടുപിടിക്കുന്നത് തടയാൻ മധ്യപ്രദേശിലെ തങ്ങളുടെ ജനപ്രതിനിധികളെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടകയിലേക്കും തെലങ്കാനയിലേക്കും മാറ്റാനുള്ള നടപടികൾ കോൺഗ്രസ് നേതൃത്വം ആരംഭിച്ചു.
നിലവിലെ നിയമസഭാ കക്ഷിബലം അനുസരിച്ച് ബിജെപിക്ക് രണ്ട് സ്ഥാനാർത്ഥികളെ മാത്രമേ സുഗമമായി വിജയിപ്പിക്കാൻ കഴിയൂ. എന്നാൽ ആർഎസ്എസ് പശ്ചാത്തലമുള്ള മഹേഷ് കേവതിനെക്കൂടി ഉൾപ്പെടുത്തി മൂന്നാമതൊരു സ്ഥാനാർത്ഥിയെക്കൂടി ബിജെപി ഗോദയിലിറക്കിയതാണ് കോൺഗ്രസ് ക്യാമ്പിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. മീനാക്ഷി നടരാജനെയാണ് കോൺഗ്രസ് ഇവിടെ തങ്ങളുടെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ക്രോസ് വോട്ടിംഗിലൂടെ കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിച്ച് മൂന്ന് സീറ്റും പിടിച്ചെടുക്കാനാണ് ബിജെപിയുടെ നീക്കം.
അതേസമയം, ജാർഖണ്ഡിലെ രണ്ട് രാജ്യസഭാ സീറ്റുകളിലൊന്നിൽ സഖ്യകക്ഷികളോട് ആലോചിക്കാതെ കോൺഗ്രസ് ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ കടുത്ത അതൃപ്തിയിലാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സോറൻ നേരിട്ട് അതൃപ്തി അറിയിച്ചിരുന്നു. ഇന്നലെ ചർച്ചകളിലൂടെ വിഷയം പരിഹരിച്ചുവെന്ന് കോൺഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഇന്ന് നടന്ന സുപ്രധാനമായ 'ഇന്ത്യ' സഖ്യയോഗത്തിൽ പങ്കെടുക്കാതെ പകരം പ്രതിനിധിയെ അയച്ച സോറന്റെ നീക്കം സഖ്യത്തിലെ വിള്ളൽ വ്യക്തമാക്കുന്നു.
ഇവിടെ സ്വതന്ത്രനായി പത്രിക സമർപ്പിച്ച പ്രമുഖ വ്യവസായി പരിമൾ നാഥ്വാനിയെയാണ് ബിജെപി പിന്തുണയ്ക്കുന്നത്. ജയമുറപ്പിക്കാൻ നാല് എംഎൽഎമാരുടെ പിന്തുണ കൂടി വേണമെന്നിരിക്കെ, ജാർഖണ്ഡിലും അട്ടിമറി ഒഴിവാക്കാനുള്ള കഠിനശ്രമത്തിലാണ് പ്രതിപക്ഷ സഖ്യം.
National
ന്യൂഡൽഹി: ഡൽഹിയിൽ ചേർന്ന ഇന്ത്യ സഖ്യ യോഗത്തെ പരിഹസിച്ച് ബിജെപി എംപി സംബിത് പത്ര. ഡിഎംകെ, എഎപി പാർട്ടികൾ സഖ്യത്തിൽനിന്ന് വിട്ടുനിന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. യോഗം ഇപ്പോൾ ശുഷ്കിച്ച് ഒറ്റമുറിയിലേക്ക് മാറിയെന്ന് സംബിത് പത്ര പരിഹസിച്ചു.
മുൻപ് ഈ യോഗങ്ങൾ സ്റ്റേഡിയങ്ങളിലായിരുന്നു നടന്നിരുന്നത്. ബംഗളൂരുവിൽ എല്ലാവരും കൈകോർത്തുനിന്നു. ക്രമേണ ഈ യോഗങ്ങൾ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലെ ഒരു ചെറിയ മുറിയിലേക്ക് ഒതുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ കോൺഗ്രസ് പെട്ടെന്നുതന്നെ മറ്റൊരു പാർട്ടിയുമായി സഖ്യം ചേർന്ന് സർക്കാർ രൂപീകരിച്ചു. എന്നാൽ ബംഗാളിൽ തോറ്റപ്പോൾ അവർ മുറവിളി കൂട്ടുകയാണ്. രാജ്യം മുഴുവൻ ഈ കാപട്യം കാണുന്നുണ്ടെന്നും സംബിത് പത്ര ആരോപിച്ചു.
പ്രതിപക്ഷ പാർട്ടികൾക്ക് താഴെത്തട്ടിൽ യഥാർഥ സാന്നിധ്യമില്ല. അവരുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. അതുകൊണ്ടാണ് ജനങ്ങൾ അവർക്ക് വോട്ട് ചെയ്യാത്തത്. രാഹുൽ ഗാന്ധി എവിടെയുണ്ടോ, അവിടെ ആരുടെയും രാഷ്ട്രീയ ഭാഗ്യം തെളിയാറില്ലെന്നും സംബിത് പത്ര പരിഹസിച്ചു.
രണ്ടു മാസത്തിലൊരിക്കൽ യോഗം ചേരാൻ അവർ തീരുമാനിച്ചിട്ടുണ്ട്. ഈ പോക്കാണെങ്കിൽ, മൂന്നാമത്തെയോ നാലാമത്തെയോ യോഗം ഒരു കാറിനുള്ളിലായിരിക്കും നടക്കുകയെന്നും സംബിത് പത്ര കൂട്ടിച്ചേർത്തു.
Movies
വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും തനതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു സലിംകുമാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.
ദുഖത്തിന്റെ ഈ വേളയിൽ തന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും എണ്ണമറ്റ ആരാധകരോടുമൊപ്പമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
സലിംകുമാറിന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. മലയാള സിനിമയിലെ അതികായനായിരുന്നു സലിംകുമാറെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
Kerala
ന്യൂഡൽഹി: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും അറിയിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ കേന്ദ്ര ഏജൻസിയായ ഇഡി എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യം രാഹുൽ ഗാന്ധി നിരന്തരം ഉന്നയിച്ചിരുന്നു.
നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ‘മോദി - പിണറായി ഡീൽ' പ്രചാരണം കോൺഗ്രസ് അഴിച്ചുവിട്ടുവെന്നും ഖർഗെയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള മുതിർന്ന നേതാക്കൾ ഈ പ്രചാരണം ഏറ്റെടുത്തുവെന്നും ബേബി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരം പരാമർശങ്ങളെ കേവലം രാഷ്ട്രീയ ആരോപണങ്ങളായി മാത്രം കാണാൻ കഴിയില്ലെന്നും ഇത് തികച്ചും ആസൂത്രിതമായ പ്രചാരണമായിരുന്നുവെന്നും ബേബി വിമർശിച്ചു.
ദേശീയതലത്തിൽ ബിജെപിക്കെതിരെ രൂപീകരിച്ച പ്രതിപക്ഷ ഐക്യത്തിൽ വലിയ രീതിയിലുള്ള വിള്ളലുണ്ടാക്കാൻ കോൺഗ്രസിന്റെ ഈ നിലപാട് കാരണമായതായും കത്തിൽ വ്യക്തമാക്കുന്നുണ്ട്. വരാനിരിക്കുന്ന തിങ്കളാഴ്ചത്തെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സിപിഎം തങ്ങളുടെ ശക്തമായ പ്രതിഷേധം നേരിട്ട് അറിയിക്കുമെന്നും എം.എ. ബേബി കത്തിൽ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഗ്രേറ്റ് നിക്കോബാർ പദ്ധതി രാജ്യത്തിന്റെ പ്രതിരോധമേഖലയ്ക്കും തുറമുഖത്തിനും വേണ്ടിയുള്ളതാണെന്ന കേന്ദ്രസർക്കാരിന്റെ വാദം നുണയാണെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി.
ഒരു ബിസിനസുകാരന് ഹോട്ടലുകളും കാസിനോകളും നിർമിക്കാനാണു പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നടത്തിയ സന്ദർശനത്തിന്റെ 15 മിനിറ്റുള്ള വീഡിയോ ഇന്നലെ രാഹുൽ പുറത്തുവിട്ടു.
“ലോക പരിസ്ഥിതിദിനത്തിൽ ഓരോ യുവ ഇന്ത്യക്കാരുടെയും മുന്നിൽ ഞാൻ ഒരു ചോദ്യം ഉന്നയിക്കുന്നു. ഏതു തരത്തിലുള്ള ഇന്ത്യയാണ് നിങ്ങൾക്കു വേണ്ടത്? കാസിനോകൾക്കായി മഴക്കാടുകൾ നശിപ്പിക്കുന്ന, ഗോത്രവർഗക്കാരെ അവരുടെ ഭൂമിയിൽനിന്ന് ആട്ടിയോടിക്കുന്ന, നാം ശ്വസിക്കുന്ന വായു വിഷമയമാക്കുന്ന അവസ്ഥയാണോ വേണ്ടത്? അതോ നമ്മുടെ പാരന്പര്യം സംരക്ഷിക്കുന്ന, നമ്മുടെ ഗോത്രവർഗക്കാർ സുരക്ഷിതമായ ഇന്ത്യയാണോ വേണ്ടത്?” -രാഹുൽഗാന്ധി എക്സിൽ കുറിച്ചു.
ഗ്രേറ്റ് നിക്കോബാർ ദ്വീപ് കേന്ദ്രസർക്കാർ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. “ഒന്നരക്കോടിയിലേറെ മരങ്ങൾ, പൗരാണികമായ പവിഴപ്പാറകൾ, മഴക്കാടുകൾ എന്നിവ ഒരു ബിസിനസുകാരന് ലാഭമുണ്ടാക്കാൻ നശിപ്പിച്ചു’’-രാഹുൽ ഗാന്ധി പറഞ്ഞു.
National
ന്യൂഡൽഹി: കഴിഞ്ഞ 12 വർഷമായി മോദി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ നശിപ്പിച്ചതിന്റെ വില നൽകേണ്ടിവരിക രാജ്യത്തെ യുവതലമുറയായിരിക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകൾക്കും പരീക്ഷ റദ്ദാക്കലിനും പിന്നാലെ നാഗ്പുരിൽ നീറ്റ് പരീക്ഷയെഴുതിയ മധ്യപ്രദേശിൽനിന്നുള്ള ആകാൻഷ ചതുർവേദി എന്ന വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി രാഹുൽ രംഗത്തെത്തിയത്. ആകാൻഷയുടെ മരണം ആത്മഹത്യയല്ലെന്നും, മോദിയുടെ കീഴിൽ അഴിമതി നിറഞ്ഞ തകർന്ന വ്യവസ്ഥയുടെ അനന്തരഫലമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
ആകാൻഷയുടെ ആത്മഹത്യാക്കുറിപ്പ് പുസ്തകങ്ങൾക്കിടയിൽനിന്ന് കഴിഞ്ഞ ദിവസമാണ് കുടുംബത്തിനു ലഭിച്ചത്. “നല്ല മാർക്ക് വാങ്ങാമെന്നു വലിയ പ്രതീക്ഷയുണ്ടായിരുന്നു, എന്നാൽ പരീക്ഷ വീണ്ടും എഴുതേണ്ടിവന്നാൽ എനിക്ക് പഴയതുപോലെ മികച്ച വിജയം നേടാനാകുമെന്ന് യാതൊരു ഉറപ്പുമില്ല. എന്നോട് ക്ഷമിക്കൂ” എന്നായിരുന്നു ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത്.
ഒരു ഡോക്ടറാകാനും തന്റെ രാജ്യത്തെയും സമൂഹത്തെയും സേവിക്കാനുമാണ് ആ പെണ്‍കുട്ടി ആഗ്രഹിച്ചത്. അവളുടെ അച്ഛൻ കർഷകനാണ്. മകളുടെ ഡോക്ടറാകാനുള്ള സ്വപ്നത്തെ പിന്തുണയ്ക്കാൻ അദ്ദേഹം മൂന്നു ലക്ഷം രൂപ വായ്പയെടുത്തു. മകളെ നാഗ്പുരിൽ കോച്ചിംഗ് ക്ലാസിൽ വിടാനായി അദ്ദേഹം അവിടെ പാചകക്കാരനായി ജോലി ചെയ്തു.
ആ അച്ഛൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു. എന്നാൽ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നു. തുടർന്ന് പരീക്ഷ റദ്ദാക്കി. ആ അനിശ്ചിതത്വങ്ങൾക്കിടയിലാണ് ആകാൻഷ നമ്മെ വിട്ടുപിരിഞ്ഞത്- രാഹുൽ തന്റെ സമൂഹമാധ്യമമായ എക്സിലെ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
പരീക്ഷ വീണ്ടും നടത്തുന്നതുകൊണ്ടു മാത്രം കുട്ടികൾക്കു നീതി ലഭിക്കില്ലെന്നും രാജ്യത്തു പ്രവർത്തിക്കുന്ന വിദ്യാഭ്യാസമാഫിയയെ പൂർണമായി തുടച്ചുനീക്കണമെന്നും ആംആദ്മി പാർട്ടി ദേശീയ അധ്യക്ഷൻ കേജരിവാൾ ആവശ്യപ്പെട്ടു. ഈ പരീക്ഷാ അനിശ്ചിതത്വങ്ങൾക്കിടയിൽ എത്രയോ കുട്ടികളാണ് ഇതിനകം ജീവനൊടുക്കിയത്. കുട്ടികളുടെ മരണത്തിന് എപ്പോഴാണു നീതി ലഭിക്കുകയെന്നും കേജരിവാൾ ചോദിച്ചു.
രാജ്യത്തെ പരീക്ഷാ സംവിധാനത്തിൽ സുതാര്യത കൊണ്ടുവരാൻ കഴിയാത്ത മോദിസർക്കാർ രാജ്യത്തെ വിദ്യാർഥികളെ വഞ്ചിക്കുകയാണെന്ന് തൃണമൂൽ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ കുറ്റപ്പെടുത്തി.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയുടെ നിർണായക യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ തീരുമാനിച്ചു. കോൺഗ്രസ് തങ്ങളെ പിന്നിൽ നിന്ന് കുത്തുകയും വഞ്ചിക്കുകയുമാണ് ചെയ്തതെന്ന് ഡിഎംകെ നേതൃത്വം കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിനായി നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തെ കോൺഗ്രസ് പിന്തുണച്ചതാണ് വർഷങ്ങൾ പഴക്കമുള്ള ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ വലിയ വിള്ളലുണ്ടാക്കിയത്. കോൺഗ്രസിന്റെ ഈ അപ്രതീക്ഷിത നീക്കം രാഷ്ട്രീയ വഞ്ചനയാണെന്നാണ് ഡിഎംകെ ആരോപിക്കുന്നത്. 20 വർഷത്തോളം തങ്ങളുടെ തോളിലേറി നടന്ന ശേഷം കോൺഗ്രസ് ചതിക്കുകയായിരുന്നുവെന്ന് ഡിഎംകെ വക്താക്കൾ പ്രതികരിച്ചു.
സഖ്യത്തിലെ ഈ കടുത്ത ഭിന്നതയെ തുടർന്നാണ് വരാനിരിക്കുന്ന 'ഇന്ത്യ' മുന്നണി യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഡിഎംകെ തീരുമാനിച്ചത്. തമിഴ്നാട്ടിലെ ഈ രാഷ്ട്രീയ നാടകങ്ങൾ ദേശീയതലത്തിൽ തന്നെ പ്രതിപക്ഷ സഖ്യത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നാലെ സിയുഇടി പരീക്ഷയിലും പാളിച്ചകളുണ്ടായതോടെ ദേശീയ പരീക്ഷാ ഏജൻസിയായ എൻടിഎയ്ക്കെതിരേ വീണ്ടും പ്രതിഷേധം ശക്തമായി.
"വിശ്വഗുരു’വെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും രാജ്യത്തെ ഒരു പരീക്ഷപോലും നടത്താൻ കഴിയുന്നില്ലെന്നും മുഴുവൻ വിദ്യാഭ്യാസസന്പ്രദായത്തെയും മോദി പൂർണമായി നശിപ്പിച്ചെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറ്റപ്പെടുത്തി. നിങ്ങൾ ഭാവി നശിപ്പിക്കുന്ന അതേ തലമുറതന്നെ നിങ്ങളെ ഉത്തരവാദിയാക്കുമെന്നും രാഹുൽ പറഞ്ഞു.
ദേശീയ പരീക്ഷാ ഏജൻസിക്കെതിരേ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. സാങ്കേതിക തകരാർ മൂലം മൂന്ന്-നാല് മണിക്കൂർ വിദ്യാർഥികൾ കനത്ത വെയിലിൽ കാത്തിരിക്കാൻ നിർബന്ധിതരായെന്നാണ് സമൂഹമാധ്യമങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും കുറ്റപ്പെടുത്തുന്നത്.
Kerala
ന്യൂഡൽഹി: രാജിവച്ചതിനു പിന്നാലെ ഹൈക്കമാൻഡിനു മുന്നിൽ ആവശ്യങ്ങൾ നിരത്തി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവരുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സിദ്ധരാമയ്യ ആവശ്യങ്ങൾ മുന്നോട്ടുവച്ചത്. മകൻ യതീന്ദ്രയ്ക്കൊപ്പമാണ് അദ്ദേഹം നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്.
പുതിയ മന്ത്രിസഭയിൽ മകൻ യതീന്ദ്രയ്ക്കും ഒപ്പമുള്ളവർക്കും പ്രധാന വകുപ്പുകൾ നല്‍കണമെന്ന ആവശ്യം മുന്നോട്ടു വച്ചതായാണ് സൂചന. മകന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകണമെന്നതുൾപ്പെടെ സമ്മർദ്ദം ചെലുത്തിയേക്കുമെന്നും വിവരമുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ ഹൈക്കമാൻഡ് നിലപാട് അറിയിച്ചിട്ടില്ല. ഹൈക്കമാൻഡ് മുന്നോട്ടുവച്ച രാജ്യസഭാ സീറ്റ് സിദ്ധരാമയ്യ നേരത്തേ നിഷേധിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽത്തന്നെ തുടരാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചിരുന്നു.
എന്നാൽ രാജ്യസഭയിലേക്ക് തന്റെ ഒപ്പമുള്ളവരെ പരിഗണിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ സിദ്ധരാമയ്യ ഹൈക്കമാൻഡിനു മുന്നിൽ വച്ചിട്ടുണ്ട്.
സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയുമായുള്ള ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പങ്കെടുത്ത കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി രണ്‍ദീപ് സുർജേവാല ചർച്ച സൗഹാർദപരമായിരുന്നുവെന്നും പല പ്രധാന വിഷയങ്ങളും സംസാരിച്ചുവെന്നും വ്യക്തമാക്കി. കർണാടകയിലെ ഭരണമാറ്റം സുഗമമായി നടക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
National
ന്യൂഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടതിനാൽ സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും തമ്മിൽ തീരുമാനിച്ച കൂടിക്കാഴ്ച നടന്നില്ല. നാളെ രാവിലെ ഒൻപതിന് ഇരുവരും കൂടിക്കാഴ്ച നടക്കുമെന്നാണ് വിവരം. കാലാവസ്ഥ മോശമായതോടെ ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം ജയ്പൂരിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.
രാജ്യസഭാ സീറ്റിനായി സിദ്ധരാമയ്യയെ രാഹുൽ ഗാന്ധി നിർബന്ധിച്ചേക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ എട്ടാണ്. അന്തിമ തീരുമാനം എടുക്കാൻ സിദ്ധരാമയ്യയ്ക്ക് നേതൃത്വം സമയം നൽകും. ഡൽഹിയിൽ വലിയൊരു പദവിയും സിദ്ധരാമയ്ക്ക് മുന്നിൽ വച്ചേക്കും.
ഏറെ നാളത്തെ തർക്കങ്ങൾക്ക് ഒടുവിലാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി പദം രാജിവച്ചത്. കർണാടക രാഷ്ട്രീയത്തിൽ തുടരുമെന്നും ദേശീയ പദവി വഹിക്കാൻ തീരെ താൽപ്പര്യമില്ലെന്നും മുഖ്യന്ത്രി പദവി രാജിവച്ചതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ സിദ്ധരാമയ്യ പറഞ്ഞിരുന്നു. രാജ്യസഭാ സീറ്റ് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാൽ താനത് നിരസിച്ചെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.
National
ന്യൂഡൽഹി: രണ്ടാഴ്ചയ്ക്കിടയിൽ ഇന്ധനവില എട്ടു രൂപയ്ക്കടുത്ത് വർധിപ്പിച്ചതിൽ മോദി സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. പണപ്പെരുപ്പ മനുഷ്യൻ മോദി വീണ്ടും ആഞ്ഞടിക്കുകയാണെന്ന് രാഹുൽ പറഞ്ഞു.
നിങ്ങളുടെ പോക്കറ്റുകൾ നിശബ്ദമായി കൊള്ളടിക്കാൻ പെട്രോൾ, ഡീസൽ വില ഇൻസ്റ്റാൾമെന്റുകളായി വർധിപ്പിക്കുകയാണെന്നും രാഹുൽ എക്സിൽ പറഞ്ഞു.
സാന്പത്തിക കൊടുങ്കാറ്റ് വരുന്നുണ്ടെന്ന് താൻ മാസങ്ങളായി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പുകൾ മൂലം മോദിജി എപ്പോഴത്തെയുമെന്നപോലെ തിരക്കിലായിരുന്നു.
തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് തൊട്ടുപിന്നാലെ പെട്രോൾ-ഡീസൽ വില എട്ടു രൂപ വർധിപ്പിച്ചു. തെരഞ്ഞെടുപ്പുകളിൽ വാഗ്ദാനങ്ങൾ, ശേഷിക്കുന്ന സമയം സാധാരണക്കാരന്റെ പോക്കറ്റുകൾ ആക്രമിക്കുക എന്നതാണ് പണപ്പെരുപ്പ മനുഷ്യന്റെ ഒരേയൊരു ജോലിയെന്നും രാഹുൽ പരിഹസിച്ചു.
National
ന്യൂഡൽഹി: സിബിഎസ്ഇയുടെ ഓണ്‍ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തിലെ (ഒഎസ്എം) ക്രമക്കേടുകളിൽ മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
സിബിഎസ്ഇ ബോർഡ് പരീക്ഷയെക്കുറിച്ച് പതിറ്റാണ്ടുകൾക്കിടയിൽ ആദ്യമായി ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നെന്നും ക്രമക്കേടുകൾ കേൾക്കാതെ പോകുന്പോൾ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ തന്റെ കസേരയിൽ മുറുകെപ്പിടിച്ചിരിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
തന്റെ ഉത്തരപേപ്പർ തെറ്റായി വിലയിരുത്തപ്പെട്ട ഒരു പതിനേഴുവയസുകാരൻ നീതിക്കായി സമൂഹമാധ്യമങ്ങളെ സമീപിച്ചപ്പോൾ ബിജെപിയുടെ ഐടി സെൽ അവനെ"രാജ്യവിരുദ്ധൻ’ എന്നു മുദ്രകുത്തുകയും "സോറോസ് ഏജന്റ്’ എന്നു വിശേഷിപ്പിക്കുകയും ചെയ്തെന്ന് രാഹുൽ എക്സിലെ പോസ്റ്റിൽ പറഞ്ഞു. ഒരു പതിനേഴുവയസുകാരൻ തന്റെ ഭാവിക്കുവേണ്ടി ശബ്ദമുയർത്തുന്പോൾ ബിജെപി അവനെ ചതിയനാക്കി മാറ്റുകയാണ്. ചോദ്യം ചോദിക്കുന്ന ആരെയും സർക്കാർ അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും തകർക്കുകയും ചെയ്യുന്നു.
എന്നാൽ മിസ്റ്റർ മോദി ശ്രദ്ധിച്ചു കേട്ടുകൊള്ളൂ! ഈ യുവത്വം, ഈ ജെൻസി നിങ്ങളുടെ അഹങ്കാരം തകർക്കും-രാഹുൽ പറഞ്ഞു.
സിബിഎസ്ഇയുടെ വിജയശതമാനം 88 ശതമാനത്തിൽനിന്ന് 85 ശതമാനമായി കുറയുന്നതിനു കാരണമായ ക്രമക്കേടുകൾ എന്തുകൊണ്ട് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്നും ഒഎസ്എം സംവിധാനം നടപ്പിലാക്കുന്നതിനുമുന്പ് സിബിഎസ്ഇയും മന്ത്രാലയവും എന്തുകൊണ്ട് ശ്രദ്ധാപൂർവമായ പദ്ധതി തയാറാക്കിയില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചോദിച്ചു. സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നും ജയ്റാം രമേശ് എക്സ് പോസ്റ്റിൽ ആവശ്യപ്പെട്ടു.
National
അമേഠി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരേ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ഭരണഘടനയെ ആക്രമിക്കുകയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ചില വ്യവസായികൾക്ക് വിറ്റുതുലയ്ക്കുകയും ചെയ്ത ഇവർ രാജ്യദ്രോഹികൾ ആണെന്ന് രാഹുൽ വിമർശിച്ചു.
ബി.ആർ.അംബേദ്കർ, മഹാത്മ ഗാന്ധി, നാരായണഗുരു, കബീർ, ഗുരുനാനാക്ക്, വീര പാസി തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കളുടെ കൂട്ടായ ശബ്ദവും പ്രത്യയശാസ്ത്രവുമാണ് ഇന്ത്യൻ ഭരണഘടനയെന്ന് രാഹുൽ ഓർമ്മിപ്പിച്ചു.
മോദിയും അമിത് ഷായും ഇന്ത്യയെ വിൽക്കുകയും നമ്മുടെ ഭരണഘടനയെ ആക്രമിക്കുകയുമാണ് ചെയ്തത്. നരേന്ദ്രമോദി ഹിന്ദുസ്ഥാന്റെ സമ്പത്ത് മുഴുവൻ നിങ്ങളുടെ പോക്കറ്റുകളിൽ നിന്ന് തട്ടിയെടുത്ത് അദാനിക്കും അംബാനിക്കും കൈമാറി. ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്ന ഒരാളെ രാജ്യദ്രോഹിയെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടതെന്നും രാഹുൽ ചോദിച്ചു.
National
ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് പ്രധാനമന്ത്രി മോദി 'മെലഡി' മിഠായി സമ്മാനിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
ഇത് യഥാർത്ഥ നേതൃത്വമല്ലെന്നും കേവലം നാടകങ്ങൾ മാത്രമാണെന്നും രാഹുൽ ഗാന്ധി തന്റെ എക്സ് ഹാൻഡിലിലൂടെ കുറ്റപ്പെടുത്തി. "രാജ്യത്തിന് മേൽ കനത്ത സാമ്പത്തിക കൊടുങ്കാറ്റ് വീശിയടിക്കുമ്പോഴാണ് നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയിൽ പോയി ചോക്ലേറ്റ് വിതരണം ചെയ്യുന്നത്. കർഷകരും യുവാക്കളും സ്ത്രീകളും തൊഴിലാളികളും ചെറുകിട വ്യാപാരികളും കടുത്ത ദുരിതത്തിലാണ്. എന്നാൽ പ്രധാനമന്ത്രി റീലുകൾ നിർമിക്കുന്ന തിരക്കിലും ബിജെപി നേതാക്കൾ അതിന് കൈയ്യടിക്കുന്ന തിരക്കിലുമാണ്. ഇതൊരു നായകന്റെ ലക്ഷണമല്ല, വെറും നാടകമാണ്," രാഹുൽ ഗാന്ധി കുറിച്ചു.
പ്രധാനമന്ത്രി മോദിയുടെ ഇറ്റലി സന്ദർശനത്തിനിടെ ജോർജിയ മെലോനി തന്നെയാണ് തങ്ങളുടെ എക്സ് പേജിൽ 12 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ പങ്കുവെച്ചത്. ഇന്ത്യയിൽ നിന്നുള്ള മികച്ചൊരു സമ്മാനമാണിതെന്ന് പറഞ്ഞ് മെലോനി ഒരു പാക്കറ്റ് 'മെലഡി' മിഠായി ക്യാമറയ്ക്ക് മുന്നിൽ കാണിക്കുകയും, പ്രധാനമന്ത്രി മോദി അത് ചൂണ്ടിക്കാണിച്ച് ചിരിക്കുകയും ചെയ്യുന്നതായിരുന്നു വീഡിയോ. സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയായി മാറിയതിന് പിന്നാലെയാണ് പ്രതിപക്ഷം ഇതിനെതിരെ രാഷ്ട്രീയ ആയുധവുമായി രംഗത്തിറങ്ങിയത്.
National
ചെന്നൈ: നിരോധിത സംഘടനയായ എൽടിടിഇ സ്ഥാപകൻ വേലുപ്പിള്ള പ്രഭാകരന് തമിഴ്നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയ് ആദരമർപ്പിച്ചതിനെച്ചൊല്ലി വൻ രാഷ്ട്രീയ വിവാദം. തമിഴ്നാട്ടിൽ ഭരണത്തിലിരിക്കുന്ന കക്ഷികൾ സാധാരണയായി പ്രഭാകരനെ പരസ്യമായി പിന്തുണയ്ക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാറുള്ള പശ്ചാത്തലത്തിലാണ് വിജയ്യുടെ ഈ നടപടി വലിയ ചർച്ചയാകുന്നത്.
ഈ വിഷയത്തിൽ കോൺഗ്രസിനെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും ലക്ഷ്യമിട്ടാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിന് കാരണക്കാർ എൽടിടിഇ ആണെന്ന കാര്യം രാഹുൽ ഗാന്ധിയെ ഓർമിപ്പിച്ചുകൊണ്ടാണ് ബിജെപി വിമർശനം ഉന്നയിച്ചത്.
"മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന് തമിഴ്നാട്ടിലെ പുതിയ മുഖ്യമന്ത്രി ആദരമർപ്പിച്ചിരിക്കുന്നു. കോൺഗ്രസിന് അധികാരത്തിൽ ഒരു പങ്ക് കിട്ടുന്നതുവരെ രാഹുൽ ഗാന്ധിക്ക് ഇതിൽ ഒരു പ്രശ്നവുമുണ്ടാകില്ല. ഡിഎംകെയും എൽടിടിഇ അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ളവരാണ്, എന്നിട്ടും അവരുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസിന് യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല," ബിജെപി നേതാവ് കുറ്റപ്പെടുത്തി.
1991ലെ രാജീവ് ഗാന്ധി വധക്കേസിൽ പ്രഭാകരനെയാണ് പ്രധാന പ്രതിയായി പ്രഖ്യാപിച്ചിരുന്നത്. ഈ കൊലപാതകത്തെ തുടർന്നാണ് ഇന്ത്യയിൽ എൽടിടി.ഇക്ക് നിരോധനം ഏർപ്പെടുത്തിയത്. വിവാദങ്ങൾ ശക്തമായതോടെ മുഖ്യമന്ത്രി വിജയ്യെ പ്രതിരോധിച്ച് അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം രംഗത്തെത്തി. വിജയ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രഭാകരന്റെ പേര് എവിടെയും നേരിട്ട് പരാമർശിച്ചിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
ശ്രീലങ്കയിൽ നടന്ന ആഭ്യന്തര യുദ്ധത്തിനിടെ ആയിരക്കണക്കിന് തമിഴ് വംശജർ കൂട്ടക്കൊല ചെയ്യപ്പെട്ട 'മുള്ളിവൈക്കൽ' ദുരന്തത്തെയാണ് അദ്ദേഹം അനുസ്മരിച്ചതെന്ന് പാർട്ടി വിശദീകരിച്ചു. നിരപരാധികളായ മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടതിനെ ഓർമിക്കുക എന്നത് ഏതൊരു മനുഷ്യത്വമുള്ള നേതാവിന്റെയും കടമയാണെന്നും പാർട്ടി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ശ്രീലങ്കൻ തമിഴരും ഇന്ത്യയിലെ ഒരു വിഭാഗം തമിഴ് ജനതയും മേയ് 18 'മുള്ളിവൈക്കൽ അനുസ്മരണ ദിനമായി' (തമിഴ് വംശഹത്യ അനുസ്മരണ ദിനം) ആചരിച്ചുവരുന്നുണ്ട്. ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കുമെന്നതിനാൽ സാധാരണയായി തമിഴ്നാട് മുഖ്യമന്ത്രിമാർ ഇതിൽ നിന്ന് വിട്ടുനിൽക്കുകയാണ് ചെയ്യാറ്. എന്നാൽ പുതിയ മുഖ്യമന്ത്രി വിജയ്യുടെ ഈ നീക്കം തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
International
ഓസ്ലോ: നോർവേ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടന്നുനീങ്ങിയത് അന്താരാഷ്ട്ര തലത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും വലിയ ചർച്ചയാകുന്നു. ചോദ്യങ്ങളിൽ നിന്ന് പ്രധാനമന്ത്രി ഒഴിഞ്ഞുമാറുന്നതിന്റെ ദൃശ്യങ്ങൾ നോർവീജിയൻ മാധ്യമപ്രവർത്തക എക്സിൽ പോസ്റ്റ് ചെയ്യുകയും, ഇത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കുവെക്കുകയും ചെയ്തതോടെയാണ് സംഭവം രാഷ്ട്രീയ ആയുധമായി മാറിയത്.
ഓസ്ലോയിൽ നോർവേ പ്രധാനമന്ത്രി ജൊനാസ് ഗർ സ്റ്റോറുമായി നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം ഇരുനേതാക്കളും സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചില ചോദ്യങ്ങൾ ചോദിക്കണമെന്ന് നോർവീജിയൻ മാധ്യമപ്രവർത്തകയായ ഹെല്ലെ ലിംഗ് ആവശ്യപ്പെട്ടത്. എന്നാൽ ചോദ്യങ്ങളെ ഗൗനിക്കാതെ പ്രധാനമന്ത്രി നടന്നുനീങ്ങുകയായിരുന്നു.
"പ്രധാനമന്ത്രി മോദി, ലോകത്ത് ഏറ്റവും സ്വതന്ത്രമായ മാധ്യമപ്രവർത്തനം നടത്തുന്ന രാജ്യത്തുനിന്നുള്ള ചോദ്യങ്ങളെ നേരിടാൻ നിങ്ങളെന്തുകൊണ്ട് തയ്യാറാകുന്നില്ല?"എന്ന് ഹെല്ലെ ലിംഗ് ചോദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
പിന്നീട് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ, "ഇന്ത്യൻ പ്രധാനമന്ത്രി എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകില്ലെന്ന് എനിക്കറിയാമായിരുന്നു, ഞാൻ അത് പ്രതീക്ഷിച്ചിരുന്നുമില്ല" എന്ന് ഹെല്ലെ ലിംഗ് എഴുതി. ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണെന്ന കാര്യവും അവർ പോസ്റ്റിൽ ഓർമിപ്പിച്ചു. നെതർലൻഡ്സ് സന്ദർശന വേളയിലും മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളെ പ്രധാനമന്ത്രി അഭിമുഖീകരിച്ചിരുന്നില്ല.
ഈ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്."ഒന്നും മറച്ചുവെക്കാനില്ലാത്തപ്പോൾ ഒന്നും പേടിക്കേണ്ടതില്ല" എന്ന് രാഹുൽ ഗാന്ധി കുറിച്ചു. പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് മുന്നിൽ ഭയന്നോടുമ്പോൾ ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
Kerala
ന്യൂഡൽഹി: രാജ്യത്ത് വൻ സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റ് വൈകാതെ വീശുമെന്നും കഠിനകാലമാണ് വരാനിരിക്കുന്നതെന്നും മുന്നറിയിപ്പ് നൽകി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ധനവില വർധനവിനെയും രാജ്യത്തെ സാമ്പത്തിക നയങ്ങളെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം, വരാനിരിക്കുന്ന പ്രതിസന്ധിയിൽ ശതകോടീശ്വരന്മാരായ അദാനിയും അംബാനിയുമെല്ലാം തകരുമെന്നും പ്രവചിച്ചു.
പശ്ചിമേഷ്യൻ പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ലെന്നും ഇതാണ് രാജ്യം നേരിടാൻ പോകുന്ന വലിയ പ്രതിസന്ധിയുടെ കാരണമെന്നും രാഹുഷ കൂട്ടിച്ചേർത്തു. സാധാരണക്കാരോട് വിദേശയാത്രകൾ ഒഴിവാക്കാൻ ആവശ്യപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം വിദേശയാത്രകൾ കഴിഞ്ഞിട്ട് ഒന്നിനും നേരമില്ലെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.
ഇന്ന് വീണ്ടും ഇന്ധനവില കൂട്ടിയുള്ള എണ്ണക്കമ്പനികളുടെ ഇരുട്ടടിക്ക് പിന്നാലെയാണ് രാഹുലിന്റെ വിമർശനം. അഞ്ച് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് വില കൂട്ടിയത്. പെട്രോളിനും ഡീസലിനുമാണ് വില കൂട്ടിയത്. ലീറ്ററിന് 90 പൈസ വീതമാണ് കൂടിയത്.
തിരുവനന്തപുരത്ത് പെട്രോൾ വില 111 രൂപ 71 പൈസയായി. ഡീസൽ വില 100 കടന്നു. പുതിയ നിരക്കുകൾ രാവിലെ മുതൽ നിലവിൽ വന്നു. അഞ്ചു ദിവസത്തിനിടെ രണ്ടാം തവണയാണ് വില കൂട്ടുന്നത്. പതിനഞ്ചാം തീയതി പെട്രോളിനും ഡീസലിനും മൂന്നു രൂപ വീതം കൂട്ടിയിരുന്നു. പുതുക്കിയ നിരക്കനുസരിച്ച് കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 109 രൂപ 73 പൈസയായി. ഡീസൽ വില ലിറ്ററിന് 98 രൂപ 63 പൈസയായി.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഉയർന്ന വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിശബ്ദതയെ ചോദ്യം ചെയ്താണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ വിദ്യാർഥികൾ ജീവനൊടുക്കിയത് ഉൾപ്പെടെ ഉന്നയിച്ച് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ വിമർശിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അടിയന്തരമായി പദവിയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർഥികളെ കൊല ചെയ്തത് സർക്കാരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ച ഇത്രയും വലിയൊരു വിഷയത്തിൽ പ്രധാനമന്ത്രി ഇതുവരെ പ്രതികരിക്കാത്തത് എന്തുകാണ്ടാണെന്നും രാഹുൽ ചോദിച്ചു.
വിഷയം പാർലമെന്റിൽ ഉൾപ്പെടെ ശക്തമായി ഉന്നയിക്കുമെന്നും വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കാൻ പ്രതിപക്ഷം ഒപ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കെ.സി. വേണുഗോപാൽ എംപിയെ എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. ഇക്കാര്യത്തിൽ നടപടി ഉടൻ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
കേരള മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച വിഷയത്തിൽ ഹൈക്കമാൻഡിന്റെ അനുനയത്തിന് ഒരു ഘട്ടത്തിൽ പോലും വഴങ്ങാതിരുന്ന എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ കെ.സി.വേണുഗോപാൽ ഒടുവിൽ തന്റെ അവകാശവാദങ്ങളിൽ നിന്നും മാറി നിന്നത് രാഹുൽഗാന്ധി ഉൾപ്പെടെ നൽകിയ ഉറപ്പിന്മേൽ ആണെന്നാണ് വിവരം.
വ്യാഴാഴ്ച രാവിലെ രാഹുൽ ഗാന്ധിയും വേണുഗോപാലും തമ്മിൽ നടത്തിയ ചർച്ചയിൽ ഏതാണ്ട് ഈ വിഷയത്തിൽ തീരുമാനമായിട്ടുണ്ട്. നിലവിൽ എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ ആരോഗ്യ പ്രശനങ്ങളാൽ സ്ഥാനമൊഴിയുന്ന ഘട്ടത്തിലാണിത്.
2022 ൽ എഐസിസി പ്രസിഡന്റായ 84 കാരന് ആരോഗ്യപ്രശ്നങ്ങൾ മൂലം ദീർഘ യാത്രകൾക്കോ ചർച്ചകൾക്കോ ബുദ്ധിമുട്ടുണ്ട്. ഇത്തരമൊരു ഘട്ടത്തിലാണ് കോൺഗ്രസിന്റെ പരമാധ്യക്ഷ പദം കെ.സിയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
അവസാനം ഘട്ടം വരെ മുഖ്യമന്ത്രി സ്ഥാന വിഷയത്തിൽ താൻ പിന്നോട്ടില്ല എന്ന് ഉറച്ചുനിന്ന വേണുഗോപാൽ ഒടുവിൽ ഹൈക്കമാൻഡ് മുൻകൈയെടുത്ത് കേരളത്തിൽ രണ്ട് ദിവസം മുമ്പ് നടത്തിയ അവസാനഘട്ട സർവേയുടെ ഫലം പൂർണമായും തനിക്കെതിരാണെന്ന് മനസിലാക്കുകയും പ്രസിഡന്റ് പദവി ഏതാണ്ട് ഉറപ്പാക്കുകയും ചെയ്തതോടെയാണ് പിന്മാറിയത്.
മാത്രമല്ല വരുന്ന മന്ത്രിസഭയിൽ ആറ് മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും കെ.സി. ഗ്രൂപ്പിന് വാഗ്ദാനം ചെയ്തതായിട്ടാണ് അറിവ്. നിയമസഭയിലേക്ക് മത്സരിക്കാതെ, വൻ വിജയം യുഡിഎഫ് നേടിയപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചപ്പോൾ അത് വലിയ പ്രശ്നങ്ങളില്ലാതെ പരിഹരിക്കാം എന്നാണ് കെ.സി. വേണുഗോപാൽ കരുതിയത്.
മാത്രമല്ല അത് നടന്നില്ലെങ്കിൽ തന്റെ രാഷ്ട്രീയ ആത്മഹത്യയ്ക്ക് തുല്യമാണ് ഈ നടപടിയെന്നും അറിയാമായിരുന്നു. കേരളത്തിൽ മാത്രമല്ല സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ മറ്റ് സംസ്ഥാനങ്ങളിലും തന്റെ നില പരുങ്ങലിലാകുമെന്ന് അദ്ദേഹവും ഗ്രൂപ്പും കരുതിയിരുന്നു.
നിയമസഭയിലെ എംഎൽഎമാരുടെ എണ്ണത്തിലും കോൺഗ്രസ് സംഘടനാ ഭാരവാഹികളുടെ കാര്യത്തിലും സ്വാധീനവും പിന്തുണയും കൃത്യമായി ഉറപ്പിക്കുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധിയുടെ പൂർണ പിന്തുണയോടെയാണ് കെ.സി. കേരളത്തിലെ സംഘടനാ കാര്യങ്ങൾ ഇടപെട്ടതും തെരഞ്ഞെടുപ്പിനെ വൻതോതിൽ സന്നാഹങ്ങളൊരുക്കിയതും. എന്നാൽ ഘടകകക്ഷികളിൽ നിന്നുളള പിന്തുണ കുറവും ജനവികാരവും ആണ് കെ.സിയുടെ പദ്ധതികളെ തകിടം മറിച്ചത്.
എഐസിസി ജനറൽ സെക്രട്ടറിയായി കെ.സി. വേണുഗോപാൽ ഏഴ് വർഷം പൂർത്തിയാക്കിയിട്ടുണ്ട്. പരമാവധി ഏഴ് വർഷം ആണ് എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാനാകുക. സച്ചിൻ പൈലറ്റിനെ എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലപ്പെടുത്തിയ ശേഷം എഐസിസി അധ്യക്ഷ സ്ഥാനത്തെത്തിച്ച് തെക്ക്-വടക്ക് സമവാക്യങ്ങൾ ക്രമീകരിക്കാനാണ് സാധ്യത.
Kerala
ന്യൂഡൽഹി: മുഖ്യമന്ത്രി ആരെന്ന് ഇന്ന് പ്രഖ്യാപിക്കാനിരിക്കെ കെ.സി.വേണുഗോപാലിനെ വിളിപ്പിച്ച് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ സുനേരി ബാഗിലെ അഞ്ചാം നമ്പർ വസതിയിൽ ഇരുവരും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച തുടരുകയാണ്.
അതേസമയം നിയമസഭ കക്ഷിയോഗത്തിൽ പങ്കെടുക്കാൻ വി.ഡി സതീശൻ തലസ്ഥാനത്തേക്ക് തിരിച്ചു. ഹൈക്കമാൻഡിന്റെ തീരുമാനം എന്താണെന്ന കാര്യത്തിൽ കേരളത്തിലെ നേതാക്കൾക്കും വ്യക്തതയില്ല. ഘടകകക്ഷികൾക്കും ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ല.
നിയമസഭ കക്ഷി യോഗം ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് ചേരും. തീരുമാനം മുദ്രവച്ച കവറില്‍ കൈമാറി നിയമസഭ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം.
National
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന അനിശ്ചിതത്വം തുടരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി മടങ്ങിയെങ്കിലും മുഖ്യമന്ത്രി പ്രഖ്യാപനത്തെക്കുറിച്ച് ഇതുവരെയും സൂചനയൊന്നുമില്ല.
നിലവിൽ മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്, മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തിട്ടുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനം നാളെയാകുമെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ വസതികളിൽ നൂറു കണക്കിന് പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്ന് 10 ദിവസങ്ങളായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് പ്രവർത്തകർക്കിടെയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Kerala
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ ഇന്ന് തന്നെ അറിയാമെന്ന പ്രതീക്ഷയിൽ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു.
കേരളം ഉറ്റുനൊക്കുന്ന തീരുമാനം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതാക്കൾ. എന്നാൽ ആരാകും മുഖ്യമന്ത്രിയെന്ന ഒരു സൂചനയും നേതൃത്വം നൽകിയിട്ടില്ല.
അതേസമയം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക് തിരിച്ചു. വൈകുന്നേരം ഏഴോടെ ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്ത് എത്തും.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ. മുരളീധരൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ
ഷാഫി പറമ്പില്‍, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കുമെന്നും ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
Kerala
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ ഇന്ന് തന്നെ അറിയാമെന്ന പ്രതീക്ഷയിൽ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള നിർണായകമായ യോഗത്തിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാർഗെയുടെ വസതിയിലെത്തി.
കേരളം ഉറ്റുനൊക്കുന്ന യോഗം ആരംഭിച്ചതായാണ് സൂചന. എഐസിസി സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗാപാലിനെയും ചർച്ചയ്ക്ക് വിളിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക് തിരിച്ചു. വൈകുന്നേരം ഏഴോടെ ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്ത് എത്തും.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ. മുരളീധരൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ
ഷാഫി പറമ്പില്‍, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കുമെന്നും ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
Kerala
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ ഇന്ന് തന്നെ അറിയാമെന്ന പ്രതീക്ഷയിൽ കേരളം. വിഷയത്തിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച അഞ്ചരയ്ക്ക് നടക്കും.
ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക് തിരിച്ചു. വൈകുന്നേരം ഏഴോടെ ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്ത് എത്തും.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ. മുരളീധരൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ
ഷാഫി പറമ്പില്‍, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കുമെന്നും ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
Kerala
കൽപ്പറ്റ: ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ പോസ്റ്റർ പ്രതിഷേധം. വയനാട് ഡിസിസി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.
കെ.സി. വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് മാപ്പ് തരില്ലെന്നും വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നത്. കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരനാണെന്നും പോസ്റ്ററിൽ വിമർശനമുണ്ട്. ഈ സാഹചര്യത്തിൽ രാഹുലിന്റെയും പ്രിയങ്കയുടെയും വിഡ്ഢിത്തരങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.
വയനാടിനെ രാഹുൽ ഗാന്ധിയും പ്രിയങ്കയും മറന്നേക്കൂ എന്നും ഇനി ഇവിടെനിന്ന് ജയിക്കില്ലെന്നും പോസ്റ്ററുകൾ വ്യക്തമാക്കുന്നു. ആരുടെയും പേരില്ലാതെ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്ററുകൾ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
National
ന്യൂഡൽഹി: സിബിഐ ഡയറക്ടറുടെ നിയമനത്തിൽ കേന്ദ്ര സർക്കാരിന് വിയോജന കുറിപ്പ് നൽകി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രക്രിയ പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെ വിയോജന കുറിപ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാഹുൽ ഗാന്ധി വിയോജനക്കുറിപ്പ് നൽകിയത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പരിഗണന പട്ടികയിലുള്ളവരുടെ രേഖകൾ നൽകിയില്ലെന്നും, ഇന്ന് യോഗത്തിലാണ് ചില വിവരങ്ങൾ മാത്രം നൽകിയതെന്നും രാഹുൽ വ്യക്തമാക്കുന്നു.
കേന്ദ്ര ഏജൻസിയായ സിബിഐയെ സർക്കാർ നിരന്തരം ദുരുപയോഗം ചെയ്തു. സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് തനിക്ക് ആവശ്യമായ വിവരങ്ങൾ സർക്കാർ നൽകുന്നില്ലെന്നും പ്രതിപക്ഷത്തെയും മാധ്യമപ്രവർത്തകരെയും വിമർശകരെയുമെല്ലാം സിബിഐയെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്നും രാഹുൽ ആരോപിച്ചു.
നിലവിലെ സിബിഐ ഡയറക്ടർ പ്രവീൺ സൂദിന്റെ കാലാവധി മെയ് 24ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള ഉന്നതതല യോഗം. പ്രവീൺ സൂദിന് കാലാവധി നീട്ടിനൽകാനുള്ള സാധ്യതയും വിലയിരുത്തുന്നുണ്ട്.
National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ റദ്ദാക്കിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ 'അമൃതകാലം' രാജ്യത്തെ യുവാക്കൾക്ക് 'വിഷകാല'മായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
അഴിമതി നിറഞ്ഞ ബിജെപി ഭരണകൂടം 22 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ കഠിനാധ്വാനവും ത്യാഗവും സ്വപ്നങ്ങളുമാണ് തകർത്തതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പല മാതാപിതാക്കളും കടം വാങ്ങിയും ആഭരണങ്ങൾ വിറ്റുമാണ് മക്കളെ പഠിപ്പിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇതൊരു ഭരണപരമായ പരാജയം മാത്രമല്ല, രാജ്യത്തെ യുവാക്കളുടെ ഭാവിക്ക് നേരെയുള്ള കുറ്റകൃത്യമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. പേപ്പർ മാഫിയകൾ എപ്പോഴും രക്ഷപ്പെടുന്നു, ശിക്ഷ അനുഭവിക്കുന്നത് പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള സത്യസന്ധരായ വിദ്യാർത്ഥികളാണെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷകൾ ഇപ്പോൾ ഒരു 'ലേലമായി' മാറിയിരിക്കുകയാണ്. കഠിനാധ്വാനത്തിന് പകരം പണവും സ്വാധീനവുമാണ് ഒരാളുടെ ഭാവി തീരുമാനിക്കുന്നതെങ്കിൽ വിദ്യാഭ്യാസത്തിന് എന്ത് അർത്ഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. സംഭവത്തിൽ കേന്ദ്ര സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാ അട്ടിമറിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
Kerala
ന്യൂഡൽഹി: കേരള മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന. മുൻ കെപിസിസി പ്രസിഡന്റുമാരുമായും വൈസ് പ്രസിഡന്റുമാരുമായും രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തി. ഒരോ നേതാക്കളുമായും വെവ്വേറെയാണ് രാഹുൽ കൂടിക്കാഴ്ച നടത്തിയത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വൈകുന്നേരം ഡൽഹിയിലെത്തും. തുടർന്ന് പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. എല്ലാ കാര്യങ്ങളും രാഹുൽഗാന്ധിയെ അറിയിച്ചു. ചില സംശയങ്ങൾ രാഹുൽ ചോദിച്ചു. അതിനു മറുപടി പറഞ്ഞു. കഴിയുന്നതും വേഗം തീരുമാനം ഉണ്ടാകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
പറയാനുള്ളതെല്ലാം രാഹുൽ വിശദമായി കേട്ടതായും തീരുമാനം ഉടൻ ഉണ്ടാകുമെന്നും കെ.മുരളീധരൻ പറഞ്ഞു. എംഎൽഎമാരുടെ പിന്തുണ പരിഗണിക്കണമെന്നാണ് നിലപാടെന്ന് കെ.സുധാകരൻ പറഞ്ഞു. ഘടകക്ഷികൾക്ക് ഇതിൽ കാര്യമില്ലെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്നും എം.എം. ഹസൻ വ്യക്തമാക്കി.
കേരള മുഖ്യമന്ത്രി ആരെന്നതില്‍ ഒമ്പതാം ദിവസവും അനിശ്ചിതത്വം തുടരുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാത്തതില്‍ ഘടകകക്ഷികള്‍ക്കിടയില്‍ ശക്തമായ അതൃപ്തിയുണ്ട്. പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.
National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ആക്രമണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീറ്റ് പരീക്ഷ ഇപ്പോൾ ഒരു പരീക്ഷയല്ലെന്നും മറിച്ച് മെഡിക്കൽ സീറ്റുകൾ വിൽക്കുന്ന ഒരു 'ലേലമായി' മാറിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെ സർക്കാർ അപഹസിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പണമുള്ളവർക്ക് ചോദ്യപേപ്പർ വാങ്ങാൻ കഴിയുന്ന സാഹചര്യം മെറിറ്റ് അട്ടിമറിക്കപ്പെടുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
സുതാര്യമായി പരീക്ഷകൾ നടത്താൻ കഴിയാത്തത് കേന്ദ്ര സർക്കാരിന്റെയും പരീക്ഷാ ഏജൻസിയായ എൻടിഎയുടെയും പരാജയമാണ്. ചോദ്യപേപ്പർ ചോർച്ചയുണ്ടായ ഉടനെ പരീക്ഷ റദ്ദാക്കാതെ അത് മൂടിവെക്കാനാണ് അധികൃതർ ആദ്യം ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നീതിക്കായി പോരാടുന്ന വിദ്യാർത്ഥികൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും പാർലമെന്റിനകത്തും പുറത്തും ഈ വിഷയം ശക്തമായി ഉയർത്തുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നതായി സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഡൽഹിയിൽ എൻഎസ്യുഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ വലിയ പ്രതിഷേധത്തിലാണ്. പരീക്ഷാ അട്ടിമറിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
National
ന്യൂഡൽഹി: ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥനകൾ വെറും ഉപദേശങ്ങളല്ലെന്നും പരാജയത്തിന്റെ തെളിവുകൾ ആണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
യുഎസും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമായുള്ള ആഘാതം കുറയ്ക്കുന്നതിനായി വർക് ഫ്രം ഹോം രീതിയിലേക്ക് മാറുന്നതും സ്വർണം വാങ്ങുന്നത് ഒഴിവാക്കുന്നതും ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചിരുന്നു.
സ്വർണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോൾ ഉപയോഗം കുറയ്ക്കണം, മെട്രോ ഉപയോഗിക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നാണ് പ്രധാനമന്ത്രി പറയുന്നത്. 12 വർഷത്തിനുള്ളിൽ അദ്ദേഹം രാജ്യത്തെ എത്തിച്ചിരിക്കുന്നത് ഇത്തരമൊരു അവസ്ഥയിലാണ്.
എന്ത് വാങ്ങണം, എന്ത് വാങ്ങരുത്, എവിടെ പോകണം, എവിടെ പോകരുത് എന്ന് ജനങ്ങളോട് പറയേണ്ടി വരുന്നു. ഓരോ തവണയും ഉത്തരവാദിത്തങ്ങളിൽനിന്ന് സ്വയം രക്ഷപ്പെടാൻ ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എത്തിയേക്കുമെന്ന് ഏതാണ്ട് ഉറപ്പായി. മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച അനിശ്ചിതത്വങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഹൈക്കമാൻഡ് തലത്തിൽ നടക്കുന്ന ചർച്ചകളിൽ നിലവിൽ കെ.സി. വേണുഗോപാലിനാണ് മുൻതൂക്കം.
ഇന്നോ നാളെയോ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഡൽഹിയിൽ നിന്നുള്ള സൂചനകൾ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻഡിന്റെ പ്രഥമ പരിഗണന കെ.സി. വേണുഗോപാലിനാണ്. രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും നടത്തിയ ചർച്ചകളിൽ ഇതിന് അനുകൂലമായ തീരുമാനമുണ്ടായതായാണ് വിവരം.
ഭരണപരമായ സൗകര്യം കണക്കിലെടുത്ത് ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. അനുനയ ഫോർമുലയുടെ ഭാഗമായി ഉപമുഖ്യമന്ത്രി പദം പരിഗണിച്ചിരുന്നെങ്കിലും ഇപ്പോൾ അത് ഒഴിവാക്കി.
കോൺഗ്രസ് തീരുമാനിക്കുന്ന മുഖ്യമന്ത്രിയെ അംഗീകരിക്കുമെന്ന് യുഡിഎഫിലെ ഘടകകക്ഷികൾ അറിയിച്ചിട്ടുണ്ട്. അതിനാൽ മുന്നണിക്കുള്ളിൽ കെ.സി. വേണുഗോപാലിന്റെ കാര്യത്തിൽ വലിയ എതിർപ്പുകൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞു. ഇനി സോണിയാ ഗാന്ധിയുമായി നടത്തുന്ന ഔദ്യോഗിക ചർച്ചകൾക്ക് ശേഷം പ്രഖ്യാപനമുണ്ടാകും. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതിയെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ നേതൃത്വത്തെ പിന്തുണച്ചതിന് പിന്നാലെ ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്ത്. ഡിഎംകെ നേതൃത്വത്തോട് സംസാരിച്ചതിന് ശേഷമാണ് ടിവികെയെ പിന്തുണച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കി.
ടിവികെയ്ക്ക് കോണ്‍ഗ്രസ് നല്കിയ പിന്തുണ ഏകപക്ഷീയമല്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സെല്‍വപെരുന്തഗെ അറിയിച്ചു. തങ്ങൾ മുന്നോട്ടുപോയത് ഡിഎംകെയെ അറിയിക്കാതെയല്ലെന്നും തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡിഎംകെ ഖജാന്‍ജി ടി.ആര്. ബാലുവിനോടും രാഹുല്‍ ഗാന്ധി കനിമൊഴിയോടും സംസാരിച്ചിരുന്നു. അതിന് ശേഷമാണ് ടിവികെയെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്നും സെല്‍വപെരുന്തഗെ പറഞ്ഞു.
രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തില്‍ കോണ്‍ഗ്രസിനെ പരിഗണിക്കും. ഏത് വകുപ്പുകളാണ് അനുവദിക്കുക എന്നത് ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും തീരുമാനിക്കുക എന്നും സെല്‍വപെരുന്തഗെ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ ഇന്ധന വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തിൽ, പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ ഉപയോഗത്തിൽ അതീവ ജാഗ്രതയും നിയന്ത്രണവും പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. തെലങ്കാനയിലെ ഹൈദരാബാദിൽ 9,400 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉത്പന്നങ്ങൾ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക. ഇത് വിദേശ നാണയ ശേഖരം സംരക്ഷിക്കാനും യുദ്ധം സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാനും സഹായിക്കും. മെട്രോ ട്രെയിനുകൾ ലഭ്യമായ നഗരങ്ങളിൽ പൊതുഗതാഗതം പരമാവധി പ്രയോജനപ്പെടുത്തണം. കാർപൂളിംഗ് രീതികൾ പ്രോത്സാഹിപ്പിക്കണം.
ഇന്ധന ലാഭത്തിനായി കോവിഡ് കാലത്തെ പോലെ 'വർക്ക് ഫ്രം ഹോം'ഓൺലൈൻ മീറ്റിംഗുകൾ എന്നിവ വീണ്ടും നടപ്പിലാക്കാനും അദ്ദേഹം നിർദേശിച്ചു. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി രാജ്യത്തോട് അഭ്യർത്ഥിച്ചു.
സോളാർ പവർ, എഥനോൾ മിശ്രിതം ചേർത്ത പെട്രോൾ, സിഎൻജി എന്നിവയുടെ ഉപയോഗം വർധിപ്പിക്കുന്നതിലൂടെ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി അവസാനം മുതൽ ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള ഇന്ധന വരവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ക്രൂഡ് ഓയിൽ വില ആഗോള വിപണിയിൽ ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്ന ഈ സാഹചര്യത്തിൽ രാജ്യത്തെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാനാണ് പ്രധാനമന്ത്രി ഇത്തരമൊരു ആഹ്വാനം നൽകിയിരിക്കുന്നത്.
National
ചെന്നൈ: ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്, തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി. രാഹുൽ ഗാന്ധിയെ 'സഹോദരൻ' എന്നാണ് വിജയ് വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ ആദ്യ പ്രസംഗത്തിൽ 'മതേതരത്വം' എന്ന വാക്കിനാണ് വിജയ് ഏറ്റവും കൂടുതൽ ഊന്നൽ നൽകിയത്.
മതേതര വിരുദ്ധ ശക്തികളുമായി ഒത്തുതീർപ്പില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്ക് വലിയ ആവേശം നൽകിയിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത രാഹുൽ ഗാന്ധിയുമായി വിജയ് വേദി പങ്കിട്ടത് ദേശീയ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. "എന്റെ സഹോദരൻ രാഹുൽ ഗാന്ധി" എന്നാണ് വിജയ് അദ്ദേഹത്തെ സംബോധന ചെയ്തത്. തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ചാണ് കോൺഗ്രസ് വിജയ്യുടെ ടിവികെയുമായി സഹകരിക്കുന്നത്.
മതേതര ശക്തികളുടെ ഐക്യത്തെക്കുറിച്ച് വിജയ് സംസാരിച്ചതോടെ അദ്ദേഹം ഇന്ത്യ സഖ്യത്തിന്റെ ഭാഗമാകുമോ എന്ന ചോദ്യം ശക്തമായിട്ടുണ്ട്. ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് വിജയ്ക്കൊപ്പം ചേർന്നത് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയൊരു അധികാരമാറ്റത്തിനാണ് വഴിതെളിച്ചത്. "ഞാൻ മാത്രമായിരിക്കും ഏക അധികാരകേന്ദ്രം" എന്ന വിജയ്യുടെ പ്രഖ്യാപനം ഭരണത്തിൽ തന്റെ പൂർണ നിയന്ത്രണം ഉണ്ടാകുമെന്ന വ്യക്തമായ മുന്നറിയിപ്പാണ്.
National
ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ സജീവമാകുന്നു. ആലപ്പുഴയിൽ നിന്നുള്ള എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനാണ് രാഹുൽ ഗാന്ധിക്ക് താൽപര്യമെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. ഔദ്യോഗിക ചർച്ചകൾക്ക് മുൻപായി രാഹുൽ ഗാന്ധി വേണുഗോപാലുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേര് ഉയരുന്നതിനെതിരെ മുൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയത് ചർച്ചകൾക്ക് ചൂടേറ്റിയിട്ടുണ്ട്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ വേണുഗോപാൽ എംഎൽഎമാരിൽ സമ്മർദം ചെലുത്തി ഗ്രൂപ്പുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് സതീശന്റെ പ്രധാന ആരോപണം.
നെന്മാറ, കഴക്കൂട്ടം, വടക്കാഞ്ചേരി, നെടുമങ്ങാട്, ചേർത്തല എന്നീ മണ്ഡലങ്ങളിൽ വേണുഗോപാൽ ഇടപെട്ട് സ്ഥാനാർത്ഥികളെ നിശ്ചയിച്ചില്ലായിരുന്നെങ്കിൽ യുഡിഎഫിന് കൂടുതൽ സീറ്റുകൾ ലഭിക്കുമായിരുന്നുവെന്നും സതീശൻ നേതൃത്വത്തെ അറിയിച്ചു. താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോയെന്നും സ്വന്തം നേട്ടത്തിനായി ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.
National
ചെന്നൈ: തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ടിവികെ അധ്യക്ഷൻ വിജയ്. ചെന്നൈ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാൻ വിജയ്യുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്.
വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത് ഒമ്പക് മന്ത്രിമാരാണ്. നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോൺഗ്രസ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക.
ഒമ്പത് മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉൾപ്പെട്ടിട്ടുണ്ട്. സെല്‍വി എസ്. കീർത്തന എന്ന 29 വയസുകാരി. എറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയും കീർത്തനയ്ക്കുണ്ട്. ശിവകാശിയില്‍ നിന്നുള്ള എംഎൽഎയാണ് കീർത്തന. ടിവികെയുടെ പ്രായം കുറഞ്ഞ വനിത എംഎൽഎയും കൂടിയാണ്. പൊളിറ്റിക്കൽ കൺസൾട്ടന്റ് ആയിരുന്നു.
മറ്റ് മന്ത്രിമാർ: എൻ. ആനന്ദ്, കെ.എ. സെങ്കോട്ടയ്യൻ, കെ.ജി. അരുൺരാജ്, ആധവ് അർജുന, പി. വെങ്കട്ടരമണൻ, രാജ്മോഹൻ, സി.ടി.ആർ. നിർമൽകുമാർ, ഡോ.കെ.ടി. പ്രഭു.
Kerala
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച സജീവമാകുന്നതിനിടെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി രാഹുൽ ഗാന്ധി മല്ലികാർജുൻ ഖർഗെ സോണിയാ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി
കേരളത്തിൽ നേടിയ വൻ വിജയത്തിൽ രാഹുൽ ഗാന്ധി അഭിനന്ദനം അറിയിച്ചെന്നും താൻ സന്തോഷവാനാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് ഡൽഹിയിലെത്തിയതെന്നായിരുന്നു ചെന്നിത്തലയുടെ വിശദീകരണം. സാധാരണ പുതിയ എഐസിസി ഓഫീസായ ഇന്ദിര ഭവനില്‍ നടക്കാറുള്ള യോഗം സോണിയ ഗാന്ധിയുടെ വസതിയിലാക്കിയതോടെയാണ് ഹൈക്കമാന്‍ഡ് നേതാക്കളുമായി ചെന്നിത്തലക്ക് നേരിട്ട് സംസാരിക്കാനുള്ള വഴിയൊരുങ്ങിയത്.
അതേസമയം കേരളത്തിലെ മുഖ്യമന്ത്രിയെ ഞായറാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്നു സൂചന. ഹൈക്കമാൻഡിന്റെ പ്രത്യേക നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഇന്നു വൈകുന്നേരത്തോടെ സംസ്ഥാനത്ത് എത്തും. ഇതേ വിമാനത്തിലാണ് ചെന്നിത്തലയും തിരികെ സംസ്ഥാനത്തേക്ക് എത്തുകയെന്നതും ശ്രദ്ദേയമാണ്.
National
മുംബൈ: രാഹുൽഗാന്ധിയെ കേൾക്കാതിരുന്നതും കോൺഗ്രസുമായി സഖ്യചർച്ചയ്ക്കു ശ്രമിക്കാത്തതുമാണു പശ്ചിമബംഗാളിൽ മമത ബാനർജിക്കു സംഭവിച്ച വലിയ പിഴവുകളെന്നു ശിവസേനാ നേതാവ് സഞ്ജയ് റൗത്ത്. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വ്യത്യസ്തമായേനെ എന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമബംഗാളിലെ ബിജെപിയുടെ വിജയം ജനാധിപത്യത്തിന്റെ നേട്ടമല്ല. തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ ലക്ഷക്കണക്കിനു വോട്ടുകളാണ് ബിജെപി ഇല്ലാതാക്കിയത്.
മമത ബാനർജിയും എം.കെ. സ്റ്റാലിനും പരാജയപ്പെട്ടുവെങ്കിലും ഇന്ത്യാ മുന്നണിയുടെ ഭാവി ശോഭനമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ജനവിധിയെ ആദരവോടെ കാണുന്നുവെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗാരന്റികൾ സമയബന്ധിതമായി നടപ്പാക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു പോസിറ്റീവ് അജണ്ട മുന്നോട്ടുവച്ചുകൊണ്ടാണ് തങ്ങൾ ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആ പോസിറ്റീവ് അജൻഡയെയും ഗാരന്റിയെയും കേരളത്തിലെ ജനങ്ങൾ അംഗീകരിച്ചു.
ഈ വിജയത്തിൽ അഹങ്കരിക്കുകയല്ല, ഈ വിജയത്തിൽ കൂടുതൽ ജനങ്ങളോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിച്ചുകൊണ്ട് ജനങ്ങൾക്കു വേണ്ടിയിട്ടുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും രമേശ് പറഞ്ഞു.
National
ന്യൂഡൽഹി: കേരളത്തിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കേരളത്തിലെ സഹോദരീ സഹോദരന്മാർ നൽകിയ നിർണായകമായ ജനവിധിക്ക് ഹൃദയം കൊണ്ട് നന്ദി പറയുന്നതായി രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
കഠിനാധ്വാനത്തിലൂടെ മികച്ച പ്രചാരണം നടത്തിയ ഓരോ യുഡിഎഫ് പ്രവർത്തകരെയും നേതാക്കളെയും അഭിനന്ദിക്കുന്നതായും രാഹുൽ വ്യക്തമാക്കി. കേരളം വലിയ മികവുള്ള സംസ്ഥാനമാണെന്നും ആ മികവിനെ ശരിയായ ദിശയിൽ ഉപയോഗിക്കാൻ കാഴ്ചപ്പാടുള്ള ഒരു യുഡിഎഫ് സർക്കാർ ഇനി കൂടെയുണ്ടാകുമെന്നും രാഹുൽ ഉറപ്പ് നൽകി.
കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും അഗാധമായ നന്ദി രേഖപ്പെടുത്തുന്നുവെന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്.
ജനങ്ങൾ അർപ്പിച്ച ഈ വിശ്വാസമായിരിക്കും വരും വർഷങ്ങളിൽ യുഡിഎഫ് മുന്നണിയുടെ വഴികാട്ടിയെന്നും പ്രിയങ്ക എക്സിൽ കുറിച്ചു. വരും വർഷങ്ങളിൽ സത്യസന്ധതയോടും വിനയത്തോടും കൂടി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി പാലിക്കുമെന്നും പ്രിയങ്ക ഉറപ്പ് നൽകി.
പ്രോഗ്രസീവ് കേരളം എന്ന ആശയം ഓരോ വീട്ടിലും എത്തിച്ച സഹപ്രവർത്തകർക്ക് പ്രത്യേക നന്ദിയും പ്രിയങ്ക അറിയിച്ചു.
National
ന്യൂഡൽഹി: ഗുജറാത്തിലെ ബനസ്കാന്തയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ ജഗദീഷ് വിശ്വകർമ നടത്തിയ സ്ത്രീവിരുദ്ധ പരാമർശമാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. കോൺഗ്രസ് വനിതാ എംപിയെ അപമാനിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസാരമെന്ന് ആരോപിക്കപ്പെടുന്നു.
സ്ത്രീകളെ ആദരിക്കുന്നുവെന്ന ബിജെപിയുടെ അവകാശവാദം വെറും പൊള്ളയാണെന്ന് ഈ സംഭവം തെളിയിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി നേതാക്കൾക്കിടയിൽ സ്ത്രീകളോടുള്ള യഥാർത്ഥ മനോഭാവമാണ് ഇത്തരം പരാമർശങ്ങളിലൂടെ പുറത്തുവരുന്നത്. ഗുജറാത്ത് ബിജെപി അധ്യക്ഷന്റെ വാക്കുകൾ സ്ത്രീത്വത്തോടുള്ള അനാദരവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബനസ്കാന്തയിലെ ബിജെപിയുടെ വിജയത്തെക്കുറിച്ചും മേഖലയിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും സംസാരിക്കുന്നതിനിടയിലാണ് ജഗദീഷ് വിശ്വകർമ വിവാദ പരാമർശം നടത്തിയത്. കോൺഗ്രസ് എംപിക്കെതിരെ അദ്ദേഹം നടത്തിയ പ്രസ്താവന വ്യക്തിഹത്യയാണെന്നാരോപിച്ച് കോൺഗ്രസ് ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരാനിരിക്കെ, ഇത്തരം വിവാദങ്ങൾ രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. സ്ത്രീ സുരക്ഷയും സ്ത്രീ ശാക്തീകരണവും ബിജെപി പ്രധാന തെരഞ്ഞെടുപ്പ് ആയുധമാക്കുന്നതിനിടയിലാണ് സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നത്.
National
ന്യൂഡൽഹി: വാണിജ്യ സിലിണ്ടർ വിലവർധനയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന് താൻ പറഞ്ഞിരുന്നു. ആദ്യം ഗ്യാസ് അടുത്തതായി പെട്രോളിന്റെയും ഡീസലിന്റെയും വിലവർധിപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഫെബ്രുവരി മുതൽ ഇതുവരെ വാണിജ്യ സിലിണ്ടറിന് 1380 രൂപയാണ് വർധിച്ചത്. ഇതാണ് ഇലക്ഷൻ ബില്ല്. കഴിഞ്ഞ മൂന്ന് മാസം വിലയിൽ ഉണ്ടായ കുതിച്ചുചാട്ടം 81 ശതമാനമാണ്. തെരഞ്ഞെടുപ്പ് ആശ്വാസം കഴിഞ്ഞുവെന്നും വിലക്കയറ്റത്തിന്റെ ചൂട് വരുന്നുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
മാസാദ്യമായ ഇന്ന് 993 രൂപയുടെ വർധനവാണ് വാണിജ്യ സിലിണ്ടർ വിലയിൽ ഉണ്ടായത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. വിലക്കയറ്റത്തിന്റെ ആഘാതം എല്ലാവരും അനുഭവിക്കുകയാണ്. എന്നാൽ കേന്ദ്രസർക്കാർ ഇതു കാണുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
National
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് മികച്ച വിജയം നേടുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തമിഴ്നാട്ടിലും മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലും ഖാർഗെ പ്രതികരിച്ചു. അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം നിലവിൽ ചർച്ചകളിൽ ഇല്ലെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ വ്യക്തമാക്കി.
കർണാടകയിൽ നിലവിൽ ഒരു മുഖ്യമന്ത്രിയുണ്ട്. ചർച്ച ചെയ്യേണ്ട സാഹചര്യം വന്നാൽ അപ്പോൾ നോക്കാമെന്നും ഖാർഗെ പറഞ്ഞു. അത്തരം വിഷയമുയർന്നാൽ രാഹുലും സോണിയയും താനും ചേർന്ന് തീരുമാനമെടുക്കും. അന്തിമ തീരുമാനമെടുക്കുക സോണിയ ഗാന്ധി ആണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപിൽ കേന്ദ്രസർക്കാർ അംഗീകാരം നൽകിയ ഗ്രേറ്റ് നിക്കോബാർ പദ്ധതി പ്രകൃതിക്കും ഗോത്ര പൈതൃകത്തിനും എതിരായ ഗുരുതര കുറ്റകൃത്യവും അഴിമതിയുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
ആൻഡമാൻ നിക്കോബാറിൽ നടത്തിയ പര്യടനത്തിനുശേഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് പദ്ധതിക്കെതിരേ രാഹുൽ വിമർശനമുയർത്തിയത്. "വികസനത്തിന്റെ ഭാഷയിൽ മറച്ചുവച്ച നാശം’ എന്നാണ് പദ്ധതിയെ രാഹുൽ വിശേഷിപ്പിച്ചത്.അതേസമയം, രാജ്യത്തിന്റെ വികസന, സാന്പത്തിക താത്പര്യങ്ങൾ മുൻനിർത്തിയാണ് 81,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
അന്താരാഷ്ട്ര ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ, പവർ പ്ലാന്റ്, ടൗണ്‍ഷിപ്പ് എന്നിവയുൾപ്പെടുന്ന ഈ വിപുലമായ വികസനം സമുദ്രവ്യാപാരത്തെയും സുരക്ഷയെയും ശക്തിപ്പെടുത്തുമെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു.
മലാക്ക കടലിടുക്കിനോടു ചേർന്നുള്ള ഈ ദ്വീപിന്റെ സ്ഥാനം അന്താരാഷ്ട്ര കപ്പൽഗതാഗതത്തിൽ ഇന്ത്യക്കു വലിയ സ്വാധീനം നൽകുമെന്നും സർക്കാർ കരുതുന്നു. എന്നാൽ, പദ്ധതി നടപ്പാക്കുന്നതോടെ 160 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മഴക്കാടുകൾ വെട്ടിനശിപ്പിക്കുന്നതും ദശലക്ഷക്കണക്കിന് മരങ്ങൾ മുറിച്ചുമാറ്റുന്നതും വരുംതലമുറകളോടു ചെയ്യുന്ന അനീതിയാണെന്ന് രാഹുൽ ആരോപിക്കുന്നു. കോർപറേറ്റ് കന്പനികളെ സഹായിക്കാനാണു വികസനമെന്ന പേരിൽ പദ്ധതി വിഭാവനം ചെയ്തതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ അംഗീകാരം നൽകിയ പദ്ധതിക്കെതിരേ പ്രദേശത്തെ ആദിവാസിനേതാക്കളുടെ നേതൃത്വത്തിൽ സമരം നടന്നുവരികയാണ്. പര്യടനത്തിനിടയിൽ സമരസമിതി നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തി.
National
ന്യൂഡൽഹി: വോട്ടവകാശമുള്ള ഇന്ത്യൻ പൗരനായിരുന്നുവെങ്കിൽ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ആരെയാകും പിന്തുണയ്ക്കുകയെന്ന ചോദ്യത്തിന് മറുപടിയപമായി ഇലോൺ മസ്കിന്റെ നിർമിതബുദ്ധി ചാറ്റ്ബോട്ടായ ഗ്രോക്ക് എഐ. താനൊരു ഇന്ത്യൻ പൗരനായിരുന്നെങ്കിൽ നരേന്ദ്ര മോദിക്കായിരിക്കും വോട്ട് ചെയ്യുക എന്ന് ഗ്രോക്ക് വ്യക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പിന്തള്ളിയാണ് ഗ്രോക്കിന്റെ ഈ 'ഡിജിറ്റൽ' പിന്തുണ.
എക്സ് പ്ലാറ്റ്ഫോമിലെ ഒരു ഉപയോക്താവ് ഉന്നയിച്ച ചോദ്യത്തിനാണ് ഗ്രോക്ക് വ്യക്തമായ മറുപടി നൽകിയത്. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ ഇന്ത്യ പദ്ധതികൾ, യുപിഐയുടെ വളർച്ച തുടങ്ങിയ കാരണങ്ങളാണ് മോദിയെ പിന്തുണയ്ക്കാൻ ഗ്രോക്ക് കാരണമായി ഉയർത്തിക്കാട്ടിയത്.
2014-ന് ശേഷം ഇന്ത്യ കൈവരിച്ച അടിസ്ഥാന സൗകര്യ വികസനവും സാങ്കേതിക മുന്നേറ്റവും അളന്നുതിട്ടപ്പെടുത്താവുന്ന പുരോഗതിയാണെന്ന് എഐ ചൂണ്ടിക്കാട്ടി. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയതിനെ ഗ്രോക്ക് അഭിനന്ദിച്ചു.
കുടുംബവാഴ്ചയേക്കാൾ കൂടുതൽ പ്രാധാന്യം വികസന കണക്കുകൾക്കാണെന്ന പരാമർശത്തോടെയാണ് ഗ്രോക്ക് തന്റെ നിലപാട് വ്യക്തമാക്കിയത്.
National
ന്യൂഡൽഹി: തൃശൂര്‍ പൂര വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ദുഃഖം രേഖപ്പെടുത്തി. ജീവഹാനിയും നാശനഷ്ടങ്ങളും ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഫോടനം ഞെട്ടിക്കുന്നതും കേരളത്തെയാകെ സങ്കടത്തിലാക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
അതേസമയം സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. മരിച്ചവരുടെ എണ്ണം 13 ആയി. 13 പേർ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്നും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന രാഹുൽ ഗാന്ധിയുടെ പ്രചാരണ റാലിയിലെ വിവർത്തനത്തിലെ പിശകുകൾ ചർച്ചയാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ രൂക്ഷമായ വിമർശനങ്ങൾ, പരിഭാഷകൻ തമിഴിലേക്കു മാറ്റിയപ്പോൾ പലതും അർഥം മാറി പുകഴ്ത്തലുകളായി പരിണമിച്ചു.
തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ. സെൽവപ്പെരുന്തഗൈ ആയിരുന്നു രാഹുലിന്റെ പ്രസംഗം തമിഴിലേക്കു വിവർത്തനം ചെയ്തത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നത് അനുസരിച്ചാണ് മോദി പ്രവർത്തിക്കുന്നതെന്നു പരിഹസിക്കാൻ രാഹുൽ ശ്രമിച്ചു. "ട്രംപ് ചാടാൻ പറഞ്ഞാൽ അദ്ദേഹം ചാടും, കിടക്കാൻ പറഞ്ഞാൽ കിടക്കും" എന്നായിരുന്നു രാഹുലിന്റെ വാചകം. എന്നാൽ, പരിഭാഷയിൽ ഇതു വന്നപ്പോൾ "മോദി ചാടുക മാത്രമല്ല, നിലത്തു വീണ് ഇന്ത്യക്കെതിരായ കാര്യങ്ങൾ ചെയ്യുന്നു" എന്ന വിചിത്രമായ അർഥത്തിലേക്കാണ് കാര്യങ്ങൾ പോയത്.
രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിലുടനീളം ആക്രമിച്ച് സംസാരിച്ചപ്പോൾ, വിവർത്തനത്തിലൂടെ അതു പലപ്പോഴും മോദിക്കുള്ള അംഗീകാരമായി മാറി എന്നതു കോൺഗ്രസ് ക്യാമ്പിനു വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. ദേശീയ നേതാക്കളുടെ പ്രസംഗം പ്രാദേശിക ഭാഷയിലേക്ക് മാറ്റുമ്പോൾ സംഭവിക്കുന്ന ഇത്തരം പിശകുകൾ തമിഴ്നാട് രാഷ്ട്രീയത്തിൽ ഇതിനുമുമ്പും ട്രോളുകൾക്കു വഴിവച്ചിട്ടുണ്ട്.
National
ചെന്നൈ: ബിജെപിക്ക് പരോക്ഷ മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. താനും രാഹുലും ഒരേ ലക്ഷ്യത്തോടെ രണ്ട് ദിശയിൽ സഞ്ചരിച്ചുവെന്നും സഖ്യത്തിന്റെ ജയത്തിനായി വിവിധ സ്ഥലങ്ങളിൽ പോയെന്നും സ്റ്റാലിൻ പറഞ്ഞു.
ഇന്നലെ രാഹുൽ തന്നെക്കുറിച്ച് പറഞ്ഞത് വലിയ കാര്യമാണ്. മോദിക്ക് കീഴടക്കാൻ കഴിയാത്ത സ്റ്റാലിന് പകരം അടിമക്കൂട്ടത്തെ അധികാരത്തിൽ എത്തിക്കാൻ ശ്രമം എന്നാണ് രാഹുൽ പറഞ്ഞത്. നാളെയും ഞങ്ങൾ സഖ്യത്തിന്റെ ജയത്തിനായി പ്രവർത്തിക്കും. ഞാൻ ചെന്നൈയിലും രാഹുൽ തെക്കൻ തമിഴ്നാട്ടിലും പ്രചാരണം നടത്തുമെന്നും സ്റ്റാലിൻ പറഞ്ഞു.
ഡിഎംകെ-കോൺഗ്രസ് സഖ്യം തകരുന്നതായും രണ്ട് പാർട്ടികൾക്കും ഇടയിലെ ഭിന്നത പുറത്തുവന്നു കഴിഞ്ഞെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വിമർശിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് സ്റ്റാലിൻ രംഗത്തെത്തിയത്.
National
ചെന്നൈ: മോദിയെ നിയന്ത്രിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപാണെന്ന് ആവർത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ട്രംപ് പറയുന്നതനുസരിച്ചാണ് മോദി ചലിക്കുന്നത്.
തമിഴ്നാടിനുമേൽ ഇതേ നിയന്ത്രണം മോദി ആഗ്രഹിക്കുന്നുവെന്നും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽ പറഞ്ഞു. അതിനാണ് എഐഎഡിഎംകെയുടെ മുഖ്യമന്ത്രി വരണമെന്ന് മോദി പറയുന്നത്.
എപ്സ്റ്റീൻ ഫയലിൽ പ്രധാനമന്ത്രിയുടെ പേരുൾപ്പെട്ടതും അദാനി-മോദി ബന്ധമടക്കമുള്ളവ ട്രംപിനറിയാം. അതിനാലാണ് മോദി ട്രംപിനെ ഭയക്കുന്നത്.
അമേരിക്കയുമായുള്ള വ്യാപാരകരാറിന്റെ മറവിൽ രാജ്യത്തെ രഹസ്യസ്വഭാവമുള്ള പലതും യുഎസിന് മോദി കൈമാറുകയാണെന്നും രാഹുൽ പറഞ്ഞു.
ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രധാനമന്ത്രിയെയാണ് കഴിഞ്ഞദിവസം ലോക്സഭയിൽ കാണാനായത്. പ്രതിപക്ഷത്തോട് സംസാരിക്കാൻ പ്രധാനമന്ത്രി ഒരിക്കലും തയാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേ ർത്തു.
National
ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെത്തിയ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി. തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ പരിശോധിച്ചത്.
രാഹുൽ ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങി കാറിൽ കയറിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്ററിൽ പരിശോധന നടത്തി. തിരുച്ചിറപ്പള്ളി കൂടാതെ റാണിപ്പെട്ടിലും ഫ്ലയിംഗ് സ്ക്വാഡ് പരിശോധന നടത്തി.
തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അധികൃതർ പറഞ്ഞു.
National
ന്യൂഡൽഹി: പാർലമെന്റിൽ ഇന്ന് നടന്ന വനിതാ സംവരണം, മണ്ഡല പുനർനിർണയം എന്നിവയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി ഉയർത്തിയ '16' എന്ന അക്കത്തെച്ചൊല്ലിയുള്ള ദുരൂഹത രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. ഏപ്രിൽ 16-ാം തീയതിയെയും '16' എന്ന അക്കത്തെയും പരാമർശിച്ചുകൊണ്ട് "മൈ ഗോഡ്, ഹൗ ക്രേസി!" എന്ന് ആശ്ചര്യപ്പെട്ട രാഹുൽ, തന്റെ പക്കലുള്ള ഈ രഹസ്യത്തിന്റെ ഉത്തരം ഭരണപക്ഷത്തുള്ളവർക്ക് അറിയാമെങ്കിൽ തനിക്ക് മെസ്സേജ് അയക്കാൻ വെല്ലുവിളിച്ചു.
എന്താണ് ഈ 'നമ്പർ 16' എന്നത് രാഹുൽ ഗാന്ധി നേരിട്ട് വിശദീകരിച്ചില്ലെങ്കിലും, രാഷ്ട്രീയ നിരീക്ഷകർ ഇതിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. 2024-ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുഗു ദേശം പാർട്ടിക്ക് ലോക്സഭയിലുള്ളത് കൃത്യം 16 സീറ്റുകളാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റുകൾ കുറയാൻ കാരണമായേക്കാവുന്ന 'മണ്ഡല പുനർനിർണയ' ബില്ലിനെ ടിഡിപി പിന്തുണയ്ക്കില്ലെന്ന സൂചനയാകാം രാഹുൽ നൽകിയത്.
സഭയിൽ സംസാരിക്കുമ്പോൾ പ്രധാനമന്ത്രിക്ക് ആവേശം കുറവാണെന്നും തന്റെ പരാജയം അദ്ദേഹം തിരിച്ചറിഞ്ഞുവെന്നും രാഹുൽ പരിഹസിച്ചു. ഏപ്രിൽ 16-ന് ഈ ബില്ലുകൾ അവതരിപ്പിക്കാനുള്ള തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വലിയ പിഴവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
National
ലക്നോ: രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച്. ഉത്തർപ്രദേശ് സർക്കാർ നേരിട്ടോ കേന്ദ്ര ഏജൻസിയെക്കൊണ്ടോ വിഷയത്തിൽ അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്.
ബിജെപി പ്രവർത്തകനായ എസ്. വിസ്നേഷ് ശിശിർ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന വിസ്നേഷിന്റെ ആവശ്യം ജനുവരി 28ന് ലക്നോവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി തള്ളിയിരുന്നു.
പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാൻ തങ്ങൾക്ക് അധികാരമില്ലെന്നായിരുന്നു നിരീക്ഷണം. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് വിസ്നേഷ് ഹൈക്കോടതിയെ സമീപിച്ചത്.
National
കോൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിയന്ത്രണം യുഎസ് പ്രസിഡന്റ് ട്രംപിന്റെ കൈയിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
വിവാദമായ എപ്സ്റ്റീൻ ഫയലുകളിൽ 35 ലക്ഷം രേഖകൾ ഇതുവരെ പരസ്യമാക്കിയിട്ടില്ല.
അതിന്റെ താക്കോൽ ട്രംപിന്റെ പക്കലാണ്. മോദിയെക്കുറിച്ചുള്ള എല്ലാ സത്യങ്ങളും എപ്സ്റ്റീൻ ഫയലുകളിൽ പൂട്ടിയിട്ടിരിക്കുകയാണ്. ട്രംപിന് ഇതറിയാം. മോദിയുടെ ഭാവി ഇപ്പോൾ ട്രംപിന്റെ കൈകളിലാണെന്നും മുർഷിദാബാദിലെ തെരഞ്ഞെടുപ്പു റാലിയിൽ രാഹുൽ ആരോപിച്ചു.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ രാജ്യത്തെ തൊഴിലാളികളെയും കർഷകരെയും ചെറുകിട വ്യാപാരികളെയും ദോഷകരമായി ബാധിക്കുമെന്നും രാഹുൽ പറഞ്ഞു.
ബിജെപിയും ആർഎസ്എസും അവരുടെ വെറുപ്പിന്റെ ചിന്തകൾകൊണ്ട് ഭരണഘടനയെ നശിപ്പിച്ചു. യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ തൃണമൂൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.
National
കോൽക്കത്ത: നീണ്ട ഇടവേളയ്ക്ക് ശേഷം പശ്ചിമ ബംഗാളിൽ തൃണമൂൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ശാരദ തട്ടിപ്പ് കേസ് ഉൾപ്പെടെയുള്ള അഴിമതികൾ ജനങ്ങൾ മറന്നിട്ടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
അഞ്ച് വർഷത്തിന് ശേഷമാണ് രാഹുൽ ഗാന്ധി ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നത്. ബംഗാളിൽ ബിജെപിക്ക് വളരാൻ അവസരമൊരുക്കിയത് തൃണമൂൽ കോൺഗ്രസിന്റെ നിലപാടുകളാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
മുർഷിദാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനങ്ങൾ. സംസ്ഥാനത്ത് ടിഎംസിയുടെ ഗുണ്ടാപ്പിരിവ് ഇപ്പോഴും നിർബാധം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂൽ സർക്കാരിന്റെ ഭരണ പരാജയങ്ങളും അഴിമതികളും എടുത്തുപറഞ്ഞ അദ്ദേഹം തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കരുത്തുപകരാൻ വോട്ടർമാരോട് അഭ്യർഥിച്ചു.
National
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കും ഭാര്യയ്ക്കുമെതിരായ പരാമർശത്തിൽ പവൻ ഖേരയ്ക്കെതിരെയുള്ള നിയമനടപടികൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. കോൺഗ്രസ് ഇത്തരം ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പവൻ ഖേരയ്ക്ക് അനുവദിച്ച ട്രാൻസിറ്റ് മുൻകൂർ ജാമ്യത്തെ ചോദ്യം ചെയ്ത് അസം സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. "പാർട്ടി പവൻ ഖേരയ്ക്കൊപ്പം ഉറച്ചുനിൽക്കുന്നു. ഇത്തരം നടപടികൾ കൊണ്ട് ഞങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ട," എന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കും കുടുംബത്തിനുമെതിരെ പവൻ ഖേര നടത്തിയ അഴിമതി ആരോപണങ്ങളാണ് കേസിന് ആധാരം. ഈ കേസിൽ ഖേരയ്ക്ക് ലഭിച്ച നിയമപരിരക്ഷ നീക്കാനാണ് അസം സർക്കാർ ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് സർക്കാർ നീക്കമെന്നാണ് കോൺഗ്രസിന്റെ ആരോപണം.
അതേസമയം, നിയമപരമായ പോരാട്ടം തുടരുമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകാധിപത്യപരമായ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.